ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തോണിന് ഈ വർഷം കേരളം വേദിയാകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി യു.എ.ഇ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന കായിക മത്സരമാണിത്.
യു.എ.ഇ രാഷ്ട്ര ശിൽപി ഷെയ്ഖ് സായിദിന്റെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എല്ലാ വർഷവും മാരത്തോൺ നടത്തി വരുന്നു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരമാണ് 2005 മുതൽ മാരത്തോൺ സംഘടിപ്പിച്ചുവരുന്നത്.
ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയനും സായിദ് മാരത്തോൺ സംഘാടക സമിതിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. പാവപ്പെട്ട രോഗികളെ തുണക്കുന്നതിന് ഫണ്ട് സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചു വരുന്നത്.
സായിദ് മാരത്തോൺ ചെയർമാൻ ലഫ്. ജനറൽ മുഹമ്മദ് ഹിലാൽ അൽ കഅ്ബി, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർക്കൊപ്പം പ്രവാസി വ്യവസായി എം.എ യൂസുഫലിയും മുഖ്യമന്ത്രി പിണറായിയുമായുളള ചർച്ചയിൽ സംബന്ധിച്ചു.