സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ സംസ്ഥാന ബജറ്റ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ നാളെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.
മദ്യത്തിന് അടക്കം നികുതി നിരക്കുകളിൽ മാറ്റമുണ്ടാകില്ല എന്നാണ് വിലയിരുത്തൽ. നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടാകില്ല എന്നിരിക്കെ കൂട്ടുകയാണെങ്കിലും വലിയ രീതിയിൽ കൂട്ടാൻ സാധ്യതയില്ല. പ്രതിസന്ധി കാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളും നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധനസെസ് ഇത്തവണ പിൻവലിക്കില്ല എന്നതും ഉറപ്പാണ്.
ക്ഷേമ പെൻഷൻ ഉൾപ്പെടെ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്താനും സാധ്യതയുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ക്ഷേമ പെൻഷൻ കൂട്ടാനുള്ള സാധ്യത ഇല്ല. മാസം 900 കോടി വച്ച് കണക്ക് കൂട്ടിയാലും ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ മാത്രം വേണം 5400 കോടി രൂപ സർക്കാർ കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടേണ്ട ഡി എ 2021 മുതൽ കുടിശികയാണ്. ഏഴ് തവണകളായി 22 ശതമാനം ഡി എ വർധനവാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ കടം പറഞ്ഞിരിക്കുന്നത്.
ചില സർക്കാർ സേവനങ്ങളുടെ നിരക്ക് ചിലപ്പോൾ കൂട്ടിയേക്കും. ക്ഷേമ പെൻഷൻ മുതൽ സപ്ലൈകോയും നെല്ല് സംഭവണവും വരെ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമുണ്ടായേക്കാം. വൻകിട പദ്ധതികൾക്കും സർക്കാർ മിഷനുകൾക്കും പണം കണ്ടെത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.