മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതിൽ കുറവ് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും അതിതീവ്ര മഴ തുടരവേയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ടും തിരുവനന്തപുരത്ത് യെല്ലോ അലെർട്ടുമാണ് നിലവിലുള്ളത്.
ചാലക്കുടി പുഴ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പുഴയുടെ സമീപം താമസിക്കുന്നവരോട് വീടുകളിൽ നിന്നും മാറി താമസിക്കാൻ മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട രേഖകളും ആവശ്യമായ സാധനങ്ങളും മാത്രം കയ്യിൽ കരുതി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതുണ്ടെന്ന് അദ്ദേഹം പ്രദേശവാസികളോട് പറഞ്ഞു. മറ്റു ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും മഴ ശക്തമാണ്. പുഴകൾ കരകവിഞ്ഞൊഴുകുകയും ആളുകൾ വീടുകളിൽ നിന്ന് സുരക്ഷിത മറ്റു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്യുകയാണ്.
വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള അഞ്ച് വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ക്ക് തിരിച്ചു വിട്ടു. ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള എയർ അറേബ്യ, ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയർ, അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്, ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസ് എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. കോഴിക്കോട്ടെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ നാല് വിമാനങ്ങൾ (ഖത്തർ എയർവേയ്സ് ഒഴികെ) തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനം ഇപ്പോഴും സാധാരണ നിലയിലാണെന്നും തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സിയാൽ വൃത്തങ്ങൾ അറിയിച്ചു.