നഴ്സിംഗ് പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ച യോഗത്തിൽ സമവായം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജിഎസ്ടി വേണ്ടെന്ന നിലപാടിൽ ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പും എത്തിച്ചേർന്നെന്ന് നഴ്സിംഗ് കോളേജ് അസോസിയേഷൻ വ്യക്തമാക്കി. ജിഎസ്ടി ഒഴിവാക്കാനുള്ള തീരുമാനം ആരോഗ്യ വകുപ്പിന് ഒറ്റയ്ക്ക് എടുക്കാൻ ആകില്ല. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കും.
മാനേജ്മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്‍ടി ഏർപ്പെടുത്തിയതും നഴ്സിംഗ് കൗൺസിൽ അംഗീകാരം വൈകുന്നതും ഈ വർഷത്തെ നഴ്സിംഗ് പ്രവേശനത്തെ ബാധിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രി യോഗം വിളിച്ചത്. നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളെയും ഒറ്റയ്ക്ക് നിൽക്കുന്ന കോളേജുകളുടെ മേധാവികളെയും നേരിൽ കണ്ടാണ് മന്ത്രി ചർച്ച നടത്തിയത്.
മന്ത്രിയുടെ പ്രതികരണം അനുകൂലമെന്ന് നഴ്സിംഗ് കോളേജ് അസോസിയേഷൻ അറിയിച്ചു. ഈ മാസം 24ന് നഴ്സിംഗ് കൗൺസിൽ ചേരും. നഴ്സിംഗ് കൗൺസിൽ യോഗത്തിന് ശേഷം 28ന് നഴ്സിംഗ് മാനേജ്മെൻറ് അസോസിയേഷൻ യോഗം ചേരും. ആ യോഗത്തിലായിരിക്കും അന്തിമ തീരുമാനം. കോളേജുകൾക്ക് നൽകിയിരുന്ന അംഗീകാരം റദ്ദാക്കില്ല. ഏകജാലക പ്രവേശന സംവിധാനവുമായി സഹകരിക്കുമെന്ന് നഴ്സിംഗ് അസോസിയേഷൻ സൂചന നൽകിയിട്ടുണ്ട്. അനുകൂല നിലപാടാണ് മന്ത്രി സ്വീകരിച്ചത് എന്ന് അസോസിയേഷൻ പറഞ്ഞു.