സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർ മാരാണ് (2,70,99,326) ആകെയുള്ളത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വരെ അവസരം ഉണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ അറിയിച്ചു.
ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് പുതിയ വോട്ടർമാർ.
അതേസമയം തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുതുക്കലിൽ ക്രമാതീതമായി കൂട്ടിചേർക്കലിനുള്ള അപേക്ഷകൾ വരുന്നതിന്റെ കാരണം കണ്ടെത്താൻ പരിശോധന ആവശ്യപ്പെട്ട് കെപിസിസി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടർപട്ടിക പുതുക്കൽ അപേക്ഷകളിലെ ക്രമാതീതമായ വർധനവ് ആശങ്ക ഉണ്ടാക്കുന്നതാണ്. ഇതിൻറെ കാരണം ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിക്കണമെന്നും ഈ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.