ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ മുൻ പൊലീസ് മേധാവിയുടെ നിലപാട് പുറത്തുവരുന്നു. റിപ്പോർട്ടിൽ കേസെടുക്കാനാകില്ലെന്ന് 2019-ൽ അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സർക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഇതോടെ പൊലീസിന്റെ നിലപാട് ചർച്ചയായിരിക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ലോക്‌നാഥ് ബെഹ്റയ്ക്ക് കൈമാറിയിരുന്നു. അതിക്രമങ്ങളിൽ വ്യക്തതയില്ലെന്നായിരുന്നു പൊലീസ് അന്ന് ചൂണ്ടിക്കാട്ടിയത്. മൊഴി നൽകിയവരുടെ പേരുവിവരങ്ങൾ പോലുമില്ലാത്തത് വെല്ലുവിളിയാണ്. ഇതോടൊപ്പം കേസെടുക്കണമെന്ന് കമ്മിറ്റി ശിപാർശ നൽകുന്നില്ല. സ്വകാര്യത ഹനിക്കപ്പെടില്ലെന്ന ഉറപ്പ് സാക്ഷികൾക്ക് നൽകിയതും തടസമാണെന്നും ഡി.ജി.പി സർക്കാരിനെ അറിയിച്ചിരുന്നു.
മൊഴി നൽകിയവരുടെയും കുറ്റാരോപിതരുടെയും പേരുവിവരങ്ങൾ ഒഴിവാക്കിയ പേജുകളുള്ള റിപ്പോർട്ടാണ് ഡി.ജി.പിക്കും നൽകിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചാൽ സർക്കാരിന് വിഷയത്തിൽ ഇടപെടേണ്ടി വരും. പോക്സോയടക്കമുള്ള ആരോപണങ്ങളിൽ എഫ്.ഐ.ആർ ഒഴിവാക്കാനുമാകില്ല. ക്രിമിനൽ കുറ്റം ബോധ്യപ്പെട്ടാൽ കേസെടുക്കണമെന്ന് സുപ്രിംകോടതി വിധികളുമുണ്ട്.