കേരളത്തിൽ എ ഐ ക്യാമറകൾ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴയീടാക്കും. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക. മുഖ്യമന്ത്രിയാണ് എ ഐ ക്യാമറകൾ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന 726 ക്യാമറകൾ വഴിയാണ് പിഴയീടാക്കുന്നത്.
നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകൾ പിടികൂടുന്നത്. ട്രെയൽ റൺ നടത്തിയപ്പോൾ പ്രതിദിനം 95,000വരെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.
നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ വീഴും.
കാറിൽ ഹാൻഡ്സ് ഫ്രീ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചു ഫോണിൽ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണു നിർദേശമെങ്കിലും തൽക്കാലം ഇതിനു പിഴയില്ല. പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിക്കുന്നവർക്കും തൽക്കാലം പിഴ ചുമത്തില്ല. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, അപകടം ഉണ്ടാക്കി നിർത്താതെ പോകൽ എന്നിവ പിടിക്കാൻ 675 ക്യാമറകളും സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളാണ് ഉള്ളത്. അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകളും പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകൾ ഒപ്പിയെടുക്കും. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളിൽ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസിൽ രജിസ്റ്റേർഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കിൽ ടാക്സ് അടക്കുമ്പോഴും വാഹനം കൈമാറ്റം ചെയ്യുമ്ബോഴും പിഴത്തുക അടയ്ക്കേണ്ടി വരും.