മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം തനിക്ക് ഗതാഗത വകുപ്പാണ് നൽകുകയെന്നും മറ്റ് വകുപ്പുകളില്ലെന്നും അറിയിച്ചതായി നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ. അഴിമതി ഇല്ലാതാക്കലാണ് തന്റെ ലക്ഷ്യമെന്നും കെഎസ്ആർടിസിയിലെ വരുമാനച്ചോർച്ച തടയുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. മുന്നണി ധാരണപ്രകാരം ആൻ്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച ഒഴിവിലേക്കാണ് കെ.ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി എത്തുന്നത്.
’ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ, തൊഴിലാളികളുടെ പിന്തുണയുണ്ടെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും. അത്ഭുതങ്ങൾ പ്രവർത്തിക്കാമെന്നൊന്നും പറയുന്നില്ല. എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും. പൊതുഗതാഗത രംഗത്ത് മാറ്റങ്ങൾ വരുത്താൻ പറ്റും. ഗതാഗത വകുപ്പാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് തീർച്ചയായും ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളെ പിഴിയാതെ എങ്ങനെയൊക്കെ വരുമാനം വർധിപ്പിക്കാം എന്നതു സംബന്ധിച്ച് ചില ആശയങ്ങളുണ്ട്.
മൂന്ന് കിലോമീറ്റർ മൈലേജ് കിട്ടുന്ന ഡീസൽ വണ്ടികളേക്കാൾ ഗ്രാമീണ മേഖലകളിൽ ചെറിയ ബസുകൾ വാങ്ങുക. അതിന് 7 കിലോമീറ്റർ വരെ മൈലേജ് കിട്ടും. കേരളത്തിൻ്റെ എല്ലാ ഗ്രാമീണ മേഖലകളിലും ബസുകൾ ഉറപ്പാക്കുന്ന പദ്ധതി കൊണ്ടുവരും. കെഎസ്ആർടിസി വളരെ മോശം അവസ്ഥയിലാണ്. ഒരു പരിധിവരെ നന്നാക്കാൻ പറ്റും. അച്ചടക്കം ഉണ്ടാക്കിയെടുക്കാൻ പറ്റും. എല്ലാവിധ ക്രമക്കേടുകളും ഇല്ലാതാക്കാം. എൻ്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോർച്ചകളും അടയ്ക്കുക. വരവ് വർധിക്കുന്നതിന് ഒപ്പം തന്നെ ചെലവിൽ നിയന്ത്രണം കൊണ്ടുവരിക. കെഎസ്‌ആർടിസിയുടെ ഒരു പൈസ ചോർന്ന് പോകാതെയുള്ള നടപടിയായിരിക്കും.
ശരിക്ക് പറഞ്ഞാൽ ബിവറേജസ്, മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ്, ലോട്ടറി എന്നിവിടങ്ങളിൽ നിന്ന് മാത്രമേ നമ്മുടെ ധനകാര്യ ആവശ്യങ്ങൾക്ക് വരുമാനം ലഭിക്കുന്നുള്ളു. കേന്ദ്ര സർക്കാർ പരിപൂർണമായി അവഗണിക്കുകയും കടം വാങ്ങാനുള്ള നമ്മുടെ അവകാശത്തിൽ കൈവയ്ക്കുകയും ഒക്കെ ചെയ്യുകയാണ്. കേന്ദ്രത്തിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നും’ ഗണേഷ് കുമാർ പറഞ്ഞു.