കാസർകോട്ട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നാണെന്ന് സൂചന നൽകി പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം ഉള്ളിൽ ചെന്നിട്ടാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ പൊലീസിനെ അറിയിച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഇതു കരളിനെ ബാധിച്ചതാണ് മരണകാരണമെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
പേസ്റ്റ് രൂപത്തിലുള്ള എലിവിഷമാണെന്നാണ് ലക്ഷണം സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്ന കണ്ടെത്തൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ചിരുന്നു. എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്ത വിവരങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ രാസ പരിശോധന റിപ്പോർട്ട് ലഭിച്ചാലേ ഔദ്യോഗിക സ്ഥിരീകരണം വരൂ.
അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണ് മരിച്ചത്. 31ന് ഹോട്ടലിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്ത കുഴിമന്തി കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെ ഹോട്ടൽ ഉടമയെയും 2 ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയക്കുകയും ചെയ്തു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും എത്തി ഹോട്ടൽ പൂട്ടിച്ച് ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു മരിച്ച അഞ്ജുശ്രീ.