വരൾച്ചയുടെ മാസങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിത്തുടങ്ങി. പല സ്ഥലങ്ങളിലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കുന്നതിനായി പുതിയ നിബന്ധനയിറക്കിയിരിക്കുകയാണ് കർണാടക സർക്കാർ. വാഹനം കഴുകുന്നതും ചെടികൾക്ക് വെള്ളമൊഴിക്കുന്നതുമെല്ലാം സർക്കാർ നിരോധിച്ചു.
ഇതിന് പുറമെ നിർമ്മാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനും കർണാടകയിൽ പൂട്ട് വീണിട്ടുണ്ട്. ഇവ വെറുതെ നിരോധിക്കുക മാത്രമല്ല, നിയമ ലംഘനം നടത്തുന്നവർക്ക് പിഴയും ചുമത്തിയിട്ടുണ്ട്. കർണാടക വാട്ടർ സപ്ലൈ ആന്റ് സ്വീവറേജ് ബോർഡ് (കെഡബ്ല്യുഎസ്എസ്ബി) 5,000 രൂപയാണ് നിയമലംഘകർക്ക് പിഴയായി ചുമത്തിയിരിക്കുന്നത്.
മുൻവർഷങ്ങളേക്കാൾ വരൾച്ചയുടെ തോത് ഇത്തവണ കൂടുതലാണെന്നാണ് വിലയിരുത്തൽ. ഇതിനോടകം നഗരത്തിലെ നിരവധി കിണറുകളാണ് വറ്റിയത്. പല ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും നിലവിൽ കുടിവെള്ളം കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്. ഇതേ സ്ഥിതി തുടർന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ എന്താകും അവസ്ഥയെന്ന ആശങ്കയിലാണ് ജനങ്ങൾ.