ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനും പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ആശംസിക്കുന്നതിനുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര അമേരിക്കൻ പ്രതിനിധി സംഘം യുഎഇയിലേയ്ക്ക്.
ഷെയ്ഖ് ഖലീഫയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡന്റെ താൻ യാത്ര ചെയ്യുകയാണെന്ന് കമല ഹാരിസ് പറഞ്ഞു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ ഡയറക്ടർ വില്യം ബേൺസ്, കാലാവസ്ഥാ പ്രതിനിധി ജോൺ കെറി എന്നിവരും ഉന്നത സംഘത്തിൽ ഉൾപ്പെടുന്നു. അതേസമയം സംഘത്തിന്‍റെ ഭാഗമായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരത്തെ തന്നെ അബുദബിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
യുഎഇയുമായുള്ള ബന്ധത്തിന്റെയും പങ്കാളിത്തത്തിന്റെയും ശക്തിയെ അമേരിക്ക വളരെ ഗൗരവമായി കാണുന്നെന്ന് കമല ഹാരിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അനുശോചനം അറിയിക്കുന്നതിന് മാത്രമല്ല യുഎഇയുമായുളള ബന്ധത്തിന്റെ പ്രതിബദ്ധത കൂടി പ്രകടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു. ശൈഖ് ഖലീഫയുടെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സൂക്ഷിക്കുന്ന ബന്ധത്തെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
അതേസമയം ബൈഡന്‍റെ അഡ്മിനിട്രേറ്റീവ് സംഘം യുഎഇ സന്ദര്‍ശിക്കുന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. അറേബ്യന്‍ മേഖലയുടെ സുരക്ഷ, ഉക്രെയ്‌ൻ റഷ്യ തര്‍ക്കവും, യമനിലെ ഹൂതി വിമത സംഘര്‍ഷങ്ങളും, ഇതര തീവ്രവാദ പ്രശ്നങ്ങൾ, ആണവ കരാര്‍, തുടങ്ങി വിവിധ വിഷയങ്ങളില്‍ സംഘം നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.