കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതിയായ മണിച്ചൻ ഉൾപ്പടെ 33 തടവുകാര്‍ക്ക് ജയിൽ മോചനം. മണിച്ചനെയും മറ്റ് തടവുകാരെയും മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ ഒപ്പിട്ടു.
22 വർഷം മുൻപ് 2000 ഒക്ടോബർ 21നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ മദ്യ ദുരന്തം ഉണ്ടായത്. ദുരന്തത്തിൽ 31 പേർക്ക് ജീവൻ നഷ്ടമായി. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേരാണ് ചികിത്സ തേടിയത്. വീട്ടിനടിയിലെ ഭൂഗർഭ അറകളിലാണ് മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വിഷ സ്പിരിറ്റ് കൂടി കലർത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
മണിച്ചനും കൂട്ടു നിന്ന പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതിയായ ഹൈറുന്നീസ 2009ൽ ശിക്ഷ അനുഭവിക്കവേ മരിച്ചു. മണിച്ചൻ 20 വർഷത്തെ തടവ് പൂർത്തിയാക്കി കഴിഞ്ഞിരുന്നു. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിക്കുകയും ചെയ്തിരുന്നു.