എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിന്റെ പ്രാധാന്യം കുറക്കാനാണ് ഇ പി ജയരാജൻ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് പറയുന്നത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇbപി ജയരാജന്റേത് മാത്രമാണെന്നും സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പറയുന്നില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
ക്രിമിനലുകളുമായുള്ള ഇ പി ജയരാജന്റെ പരിചയം വെച്ചായിരിക്കാം ഇത് ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരെ വൈകാരികമായി പ്രതികരിക്കാൻ പോലും അനുവദിച്ചിട്ടില്ല. സിസി ടിവി ക്യാമറകൾ പരിശോധിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ കണ്ടെത്തണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മാത്യു കുഴൻനാടന്റെ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും നാണക്കേട് ഒഴിവാക്കാനും വേണ്ടി ആസൂത്രിതമായി ഇ പി ജയരാജൻ നടത്തിയ പ്ലാൻ ആണിതെന്നും കെ. സുധാകരൻ ആരോപിച്ചു.
എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവം നടന്ന് ഉടനെ തന്നെ ഇതിന് പിന്നിൽ കോൺഗ്രസാണെന്ന് എല്‍ഡിഎഫ് കൺവീനർ പറഞ്ഞു. പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ഗുരുതര വീഴ്ചയാണ് സംഭവത്തിന് പിന്നിൽ. അക്രമം തടയാനുള്ള ഉത്തരവാദിത്തം ഭരിക്കുന്ന പാർട്ടിക്കുണ്ട്. സ്വർണകടത്ത് അഴിമതി മറയ്ക്കാനുളള സര്‍ക്കാര്‍ നടപടിയാണിതെന്നും എല്‍ഡിഎഫ് നാടകം ആണെന്നും ചെന്നിത്തല ആരോപിച്ചു.
എകെജി സെന്‍ററിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിനും കണ്ണൂര്‍ ഡിസിസി ഓഫിസിനും സുരക്ഷ വർധിപ്പിച്ചു.
ആലപ്പുഴയിൽ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ അജ്ഞാതർ തകർത്തു. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന ആരോപണവുമായി കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ രംഗത്തെത്തി.
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചന സമരത്തിന് സമാനമായ ആക്രമണമാണ് ഇപ്പോൾ നടന്നതെന്നാണ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം.