കേരള സാഹിത്യ അക്കാദമിക്കെതിരായ ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തോട് പ്രതികരിച്ച് അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല. പാട്ടിൽ ക്ലീഷേ പ്രയോഗമാണ് ഉണ്ടായിരുന്നതെന്നും അതിനാലാണ് നിരാകരിച്ചതെന്നും സച്ചിദാനന്ദൻ പറഞ്ഞു.
“കവികളും പ്രഗൽഭരും അടങ്ങുന്ന കമ്മിറ്റിയാണ് പാട്ട് തിരഞ്ഞെടുത്തത്. തമ്പിയുടെ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല. പാട്ടിൽ ക്ലീഷേ പ്രയോഗമാണ് ഉണ്ടായിരുന്നത്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഹരിനാരായണന്റെ പാട്ടാണ് കമ്മിറ്റി അംഗീകരിച്ചത്. പാട്ടിന് ബിജിപാൽ സംഗീതം നൽകും. ശ്രീകുമാരൻ തമ്പി ചെറിയ കാര്യങ്ങളെ വലിയ വിവാദങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ മാറ്റുകയാണ്” എന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്.
സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ട് സമീപിച്ച അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ വിമർശനം. ഗാനമെഴുതി നൽകിയ ശേഷം അക്കാദമിയിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. സാഹിത്യ അക്കാദമിയെ താൻ നേരത്തെ വിമർശിച്ചിരുന്നു. അതിന് പകപ്പോക്കുകയാണിതെന്നും സാഹിത്യ അക്കാദമിക്ക് വേണ്ടി തന്റെ പാട്ട് ഇനി നൽകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞിരുന്നു.