ഇന്ത്യയുടെ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു.യു ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ജസ്റ്റിസ് യു.യു ലളിതിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എന്‍.വി രമണ വിരമിച്ച പശ്ചാത്തലത്തിലാണ് യു.യു ലളിതിന്‍റെ നിയമനം.
അതേസമയം അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടവും ജസ്റ്റിസ് യു.യു ലളിത് സ്വന്തമാക്കി. മുമ്പ് ജസ്റ്റിസ് എസ്.എം സിക്രി ബാറിൽ നിന്ന് നേരിട്ട് ചീഫ് ജസ്റ്റിസായി ചുമതലയേറ്റിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ മാത്രമാണ് യു.യു ലളിതിന് ചുതലയില്‍ തുടരാനാകുക. നവംബര്‍ 8 വരെയാണ് കാലവധി. യു.യു ലളിത് വിരമിയ്ക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് മാസത്തിനുളളില്‍ മൂന്ന് ചീഫ് ജസ്റ്റിസുമാരെന്ന ചരിത്രവും എഴുതിച്ചേര്‍ക്കപ്പെടും.
മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യു.യു ലളിത്. 1983ലാണ് അഭിഭാഷകജോലി ആരംഭിച്ചത്. 2004ൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി. ക്രിമിനൽ നിയമത്തിൽ നിരവധി പ്രമാദമായ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2 ജി അഴിമതിക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു അദ്ദേഹം.
സുപ്രീം കോടതി ലീഗൽ സർവീസസ് കമ്മിറ്റിയിൽ രണ്ട് തവണ അംഗമായിട്ടുണ്ട്. 2021 മെയ് മാസത്തിൽ ലളിത് ജെ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിതനായിരുന്നു. മുത്തലാഖ് നിർത്തലാക്കാനുള്ള ഉത്തരവ് സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ ലളിതിന്റെ സുപ്രധാന വിധികളിൽ ഒന്നായിരുന്നു.