യുഎഇയില്‍ ജൂണ്‍ 21 ന് പകലിന് നീളം കൂടും. ജൂണ്‍ 21 ചൊവ്വാഴ്ച ഇക്കൊല്ലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനമാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). വേനല്‍ അറുതിയുടെ പ്രധാന സൂചകമെന്ന നിലയിലാണ് ദൈര്‍ഘ്യമേറിയ ദിവസം വരുന്നതെന്നും ജൂൺ മാസത്തിൽ യുഎഇയിലെ താപനില 42.7 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജൂണ്‍ 21ന് പകൽ 13 മണിക്കൂറും 43 മിനിറ്റും ആയിരിക്കുമെന്നാണ് പ്രവചനം.
ജൂൺ 21ന് സൂര്യന്റെ കിരണങ്ങൾ നേരിട്ട് ഉഷ്ണമേഖലാ പ്രദേശത്തിന് മുകളിൽ (23.37 ഡിഗ്രി വടക്ക്) വരുമ്പോഴാണ് പകലിന് ദൈര്‍ഘ്യവും ചൂടും ഏറുന്നത്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അന്തരീക്ഷ താപനില വർദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. മെയ് മാസത്തെ അപേക്ഷിച്ച് ശരാശരി താപനില 2 ഡിഗ്രി മുതൽ 3 ഡിഗ്രി സെല്‍ഷ്യസ് വരെ വർദ്ധിക്കുമെന്നും എന്‍എംസി റിപ്പോർട്ടില്‍ പറയുന്നു.
ജൂൺ 16 നും 26 നും ഇടയിൽ ഭൂമിയുടെ വടക്കൻ പകുതി വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസത്തിന് സാക്ഷ്യം വഹിക്കുമെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിലെ അംഗമായ ഇബ്രാഹിം അൽ ജർവാനും സൂചിപ്പിച്ചു.
മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഈർപ്പം കുറയുന്ന കാലാവസ്ഥയും പ്രകടമാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും കുറവാണ്. അതേസമയം സൈബീരിയൻ സമ്മര്‍ദ്ദം ദുർബലമാവുകയും പിൻവാങ്ങുകയും ചെയ്യുന്നതോടെ ഇന്ത്യൻ മൺസൂൺ കിഴക്കന്‍ പ്രദേശങ്ങളില്‍ സ്വാധീനം ചെലുത്തും. കിഴക്കൻ പർവതങ്ങളിൽ ക്യുമുലിഫോം മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുളളതിനാല്‍ ഉച്ചതിരിഞ്ഞ് ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.
എന്താണ് വേനൽക്കാല അറുതി?
ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിൽ (മധ്യരേഖയുടെ വടക്ക് ഭാഗത്തുള്ള ഭൂമിയുടെ പകുതി) വർഷത്തിലെ മറ്റേതൊരു ദിവസത്തേക്കാളും കൂടുതൽ സൂര്യപ്രകാശം ലഭിക്കുമ്പോഴാണ് വേനൽക്കാല അറുതി എത്തുന്നത്. ജ്യോതിശാസ്ത്രം അനുസരിച്ച് സൂര്യൻ ആകാശത്ത് അതിന്റെ വടക്കേയറ്റത്തെ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഈ പ്രതിഭാസം. അതുകൊണ്ടുതന്നെ കലണ്ടർ വർഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലും ഏറ്റവും ചെറിയ ഒരു ദിവസം തന്നെ വന്നെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്..