അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് കോടതി കേസുകളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ലേലം ചെയ്യലില്‍ മൊബൈല്‍ ആപ്പുവഴി പങ്കെടുക്കാം. ഇതിനായി പ്രത്യേക ആപ്ളിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ബ്രൗസ് ചെയ്യാനും ലേലത്തില്‍ നേരിട്ട് പങ്കെടുക്കാനും അവസരമൊരുക്കുന്നതാണ് സംവിധാനം.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് എഡിജെഡിയുടെ അണ്ടർസെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു. ഏറ്റവും ഉയർന്ന തലത്തില്‍ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കാനും കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
റിയൽ എസ്റ്റേറ്റ് , വാഹനങ്ങൾ, കാർ നമ്പറുകൾ, തുടങ്ങി വിവിധ തരത്തിലുള്ള ജംഗമ വസ്തുക്കൾ ലേലം ചെയ്യാന്‍ അവസരമുണ്ട്. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ മൂന്ന് മെമ്പർഷിപ്പ് ഓപ്‌ഷനുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്. പുതിയ ലേല ആപ്പ് നീതിന്യായ വകുപ്പിന്റെ ബൗദ്ധിക സ്വത്തവകാശമായി സാമ്പത്തിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യത്തെ താമസക്കാർക്ക് ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ചും രാജ്യത്തിന് പുറത്തുള്ള ഉപയോക്താക്കൾക്ക് ഒരു ഫോൺ നമ്പറും പാസ്‌വേഡും ഉപയോഗിച്ചും ലേലത്തിന്‍റെ ഭാഗമാകാം.