അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. അപകടത്തിന് തൊട്ടുമുൻപ് അപായ സന്ദേശം നൽകിയ കപ്പലിലെ ഇന്ത്യൻ ജീവനക്കാരെയാണ് ബൈഡൻ അഭിനന്ദിച്ചത്. കൃത്യമായി മുന്നറിയിപ്പ് ലഭിച്ചതിനാൽ നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘കപ്പലിന്റെ നിയന്ത്രണം നഷ്‌ടമായി എന്ന് തിരിച്ചറിഞ്ഞ ഉടൻ വിവരം മെറിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കാൻ കപ്പലിലുണ്ടായിരുന്ന ജീവനക്കാർക്ക് കഴിഞ്ഞു. അതിൻ്റെ ഫലമായി കപ്പലിടിക്കുന്നതിന് മുമ്പായി പാലം അടയ്ക്കാനും ഗതാഗതം നിർത്തിവയ്ക്കാനും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. ഇത് നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായിച്ചുവെന്ന കാര്യത്തിൽ സംശയമില്ല’ എന്നാണ് ജോ ബൈഡൻ പറഞ്ഞത്.
പാലം പുനർനിർമ്മിക്കാനുള്ള മുഴുവൻ ചെലവും ഫെഡറൽ സർക്കാർ വഹിക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി. എന്നാൽ പാലം തകരാൻ ഉത്തരവാദികൾ കപ്പലും അതിൻ്റെ ഉടമസ്ഥരുമാണെന്നിരിക്കെ സർക്കാർ എന്തിനാണ് ചെലവ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ ‘അതായിരിക്കാം, പക്ഷേ അതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നില്ല. ഞങ്ങൾ പണം മുടക്കി പാലം പുനർനിർമ്മിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കും’ എന്നാണ് പ്രസിഡന്റ് തുറന്നുപറഞ്ഞത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പൽ പാലത്തിൻ്റെ തൂണുകളിലൊന്നിൽ ഇടിച്ചത്. സിനർജി മറൈൻ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിക്കുകയും കപ്പലിൻ്റെ മുകളിലേയ്ക്കാണ് പാലം തകർന്നുവീഴുകയുമായിരുന്നു. ഈ സമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേയ്ക്ക് വീഴുകയും ചെയ്തിരുന്നു. അപകടത്തിൽ ആറോളം പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.