എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക് ലിസ്റ്റിൽ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക് ലിസ്റ്റിൽ എത്ര മാർക്ക് ആർഷോയ്ക്ക് ലഭിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടില്ല. പട്ടിക പ്രകാരം ആർഷോയെ പരീക്ഷ പാസായവരുടെ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ചിലാണ് പരീക്ഷയുടെ ഫലം വന്നത്. മൂന്നാം സെമസ്റ്റർ മാർക്ക് ലിസ്റ്റിൽ ആർക്കിയോളജിക്ക് ആർഷോയ്ക്ക് പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ പാസ്ഡ് എന്നും ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഇൻറേണൽ എക്സറ്റേണൽ പരീക്ഷ മാർക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. എസ്എഫ്ഐക്ക് മാത്രമായി കോളേജുകളിൽ പാരലൽ സംവിധാനം പ്രവർത്തികുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി. സ്വയംഭരണ കോളേജാണ് മഹാരാജാസെന്ന് പ്രിൻസിപ്പൽ പറഞ്ഞു.എൻഐസിയാണ് മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്റ്റ്വെയറിലെ വിഴ്ചയാണിതെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു.സംഭവം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു
മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ആർക്കിയോളജി വിദ്യാർത്ഥിയാണ് ആർഷോ. ക്രിമിനൽ കേസിൽ പ്രതി ആയതിനാൽ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ റിസൽറ്റ് വന്നപ്പോൾ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പിഎം ആർഷോ. പരീക്ഷ എഴുതാതെ ആർഷോ വിജയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാജാസ് കോളേജിലെ വ്യാജ രേഖയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ഇത് ഒരു വ്യക്‌തി ചെയ്യുന്ന തെറ്റാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ കർശന നടപടി ഉണ്ടാകും. വിഷയം അറിയുന്നതേ ഉള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.