രാജ്യത്ത് വിലക്കയറ്റം രൂക്ഷം. ഇന്ത്യയിലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. ഏപ്രിൽ മാസത്തെ പണപ്പെരുപ്പം 15.08% ആണ്. 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അസംസ്‌കൃത എണ്ണ , ഭക്ഷ്യവസ്തുക്കൾ, ലോഹങ്ങൾ തുടങ്ങിയവയുടെ വിലവർധനയാണ് കാരണം. ഏപ്രിലിലെ ചില്ലറവിൽപ്പന സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 8 വർഷത്തെ ഉയർന്ന നിലയിലാണ്.
ഇന്ത്യയിൽ വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണ്. ഏപ്രിൽ മാസത്തെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ദേശീയ നാണ്യപ്പെരുപ്പ നിരക്ക് 7.79% ആണ്. 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ചിൽ 6.95% ആയിരുന്നു. കേരളത്തിലാകട്ടെ 5.08% മാത്രം.
കേരളം കഴിഞ്ഞാൽ തമിഴ്‌നാട് ആണുള്ളത്. അവിടെ 5.4%. 13 സംസ്ഥാനങ്ങളിൽ ദേശീയ നിരക്കിനേക്കാൾ കൂടുതലാണുള്ളത്. നാലു സംസ്ഥാനങ്ങളിൽ 9% അല്ലെങ്കിൽ അതിൽ കൂടുതൽ ആണ് വിലക്കയറ്റമെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.