അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുത്ത് കേന്ദ്ര സർക്കാർ. 35 വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുമ്പോഴും പദ്ധതിയിൽ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം. കര, വ്യോമ, നാവിക സേനകൾ ഈ വർഷത്തെ റിക്രൂട്ട്മെന്റ് തിയതികൾ പ്രഖ്യാപിച്ചു.
കരസേനയുടെ കരട് വിഞ്ജാപനം നാളെ പുറത്തിറക്കുമെന്നാണ് വിവരം. ആദ്യ റിക്രൂട്ട്മെന്‍റ് റാലി ആഗസ്റ്റിൽ നടത്തും. ഡിസംബർ ആദ്യം തന്നെ ആദ്യ ബാച്ചിന് പരിശീലനം നൽകിത്തുടങ്ങും.
നാവികസേനയുടെ രജിസ്ട്രേഷൻ ശനിയാഴ്ചയും വ്യോമസേനയുടെ രജിസ്ട്രേഷൻ വെള്ളിയാഴ്ചയും തുടങ്ങും. നാവിക സേനയിൽ ആദ്യ ബാച്ചിന് പരിശീലനം നവംബർ 21നും വ്യോമസേനയുടേത് ഡിസംബർ 30നും തുടങ്ങാനാണ് ആലോചിക്കുന്നത്. നാവിക സേനയിൽ വനിത സെയിലർമാരെയും നിയമിക്കുമെന്നും സൂചനയുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിളിച്ച സേനാമേധാവിമാരുടെ യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് കാര്യങ്ങൾ വിശദമാക്കിയത്.