നിരക്ക് വർദ്ധിപ്പിച്ച് വിസ്താര എയർലൈൻസ്. ആഭ്യന്തര റൂട്ടുകളിലെ നിരക്കുകളിൽ 20 മുതൽ 25 ശതമാനം വരെയാണ് വർദ്ധനവ്.ഡിമാൻഡ്-സപ്ലൈ പൊരുത്തക്കേട് കാരണം കുറച്ചുകാലമായി വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാണുള്ളത്. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധിപ്പിച്ച വിസ്താരയുടെ നീക്കം യാത്രക്കാരിൽ അധിക സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.
പുതിയ തീരുമാനത്തിലൂടെ ഡൽഹി-ഗോവ, ഡൽഹി-കൊച്ചി, ഡൽഹി-ജമ്മു, ഡൽഹി-ശ്രീനഗർ തുടങ്ങിയ പ്രധാന റൂട്ടുകളിലായി യാത്രാനിരക്കിൽ ഏകദേശം 20-25 ശതമാനം വർധനയുണ്ടായതായി ട്രാവൽ വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു.ഒരു ദിവസം 25-30 ഫ്ലൈറ്റുകളോ അല്ലെങ്കിൽ അതിന്റെ പ്രവർത്തന ശേഷിയുടെ ഏകദേശം 10 ശതമാനം കുറച്ചുകൊണ്ട് പ്രവർത്തനങ്ങളുടെ സ്കെയിൽ-ഡൗണും വിസ്താര പ്രഖ്യാപിച്ചു.
പുതിയ ശമ്പള ഘടന, എയർ ഇന്ത്യയുമായുള്ള വിസ്താരയുടെ ലയനത്തെക്കുറിച്ചുള്ള ആശങ്കകൾ, റോസ്റ്ററിംഗ് സംവിധാനം എന്നിവയിൽ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പൈലറ്റുമാർ എയർലൈൻ വിട്ടതും തന്മൂലം നിരവധി ഫ്ലൈറ്റ് റദ്ദാക്കലും കാലതാമസവും മൂലം വിസ്താര കഴിഞ്ഞയാഴ്ച കാര്യമായ പ്രതിസന്ധികളാണ് നേരിട്ടത്.