17 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിൽക്യാര രക്ഷാദൗത്യം വിജയത്തിലേയ്ക്ക്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിര്‍മ്മാണത്തിലിരുന്ന സില്‍കാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളിൽ 10 പേരെ പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളിലൂടെ ഇരുമ്പ് പൈപ്പ് കടത്തിയുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്കെത്തി. ആദ്യ ആംബുലൻസ് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇതോടെ ദൗത്യം വിജയകരമാണെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
57 മീറ്ററോളം ദൂരം പിന്നിട്ട് ഇരുമ്പ് പൈപ്പ് തൊഴിലാളികൾക്കടുത്തേയ്ക്ക് എത്തിച്ച് കരസേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും കുഴലിലൂടെ തൊഴിലാളികള്‍ക്ക് അരികിലെത്തി ഓരോരുത്തരെയായി പുറത്തെത്തിക്കുകയായിരുന്നു. പൈപ്പിനുള്ളിലെ കുറച്ച് അവശിഷ്ടങ്ങൾ മാറ്റുന്ന ജോലി മാത്രമാണ് ഇനി അവശേഷിക്കുന്നത്. തൊഴിലാളികളെ ഉടൻ മെഡിക്കൽ പരിശോധന നടത്തിയ ശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
യന്ത്രങ്ങൾ ഉപയോഗിക്കാതെ തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. തുരങ്ക നിർമ്മാണ കമ്പനിയിലെ തൊഴിലാളികളാണ് അവശിഷ്‌ടം നീക്കിയത്. കുഴലിൽ വെള്ളിയാഴ്‌ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിന് വേഗത നൽകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്‌റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി. മണിക്കൂറുകൾ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്‌ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങി. തുടർന്ന്, പുറത്തുള്ള യന്ത്രത്തിൻ്റെ സഹായത്തോടെ അതിശക്തമായി കുഴൽ അകത്തേക്ക് തള്ളി. വീണ്ടും രക്ഷാപ്രവർത്തകർ നുഴഞ്ഞുകയറി അവശിഷ്‌ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കിയത്.
അതേസമയം മലയുടെ മുകളിൽനിന്ന് താഴേക്ക് കുഴിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. 86 മീറ്റർ കുഴിക്കേണ്ടതിൽ 40 ശതമാനം പൂർത്തിയായി. 36 മീറ്റർ ഇതുവരെ കുഴിക്കാനായെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു. തുരങ്കത്തിലൂടെ കുഴൽ കടത്താനുള്ള ശ്രമം പരാജയപ്പെട്ടാൽ ഇതുവഴി തൊഴിലാളികളുടെ സമീപത്തേയ്ക്ക് എത്തുകയായിരുന്നു ലക്ഷ്യം.