കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനുമായ പ്രതിക് ദോഷിയാണ് വരൻ. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് ദോഷി. 2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണിൽ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ ജോയിന്റ് സെക്രട്ടറി റാങ്കിൽ പിഎംഒയിൽ ഒഎസ്ഡി ആയി നിയമിതനായി.
ബുധനാഴ്ച ബെംഗളൂരു ജയനഗറിലുള്ള ഒരു ഹോട്ടലിൽ വെച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ. ബ്രാഹ്മണാചാര പ്രകാരമാണ് വിവാഹം നടത്തിയത്. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ വിഐപികളോ വലിയ രാഷ്ട്രീയ നേതാക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല. ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സിംഗപൂർ മാനേജ്‌മെന്റ് സ്‌കൂളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയയാളാണ് ദോഷി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ സിഎംഒ ഓഫീസിൽ റിസർച്ച് അസിസ്റ്റന്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. മിന്റ് ലോഞ്ചിലെ ലേഖികയാണ് നിർമലാ സീതാരാമന്റെ മകൾ വാങ്മയി. ഡൽഹി സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടിയ വാങ്മയി മെഡിൽ സ്‌കൂൾ ഓഫ് ജേണലിസത്തിൽ നിന്നാണ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയത്.