ഇന്ത്യയിലെ വള ചാക്കുകളിൽ പുതിയ ഡിസൈൻ നൽകാൻ നിർദേശം നൽകി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് നിർദേശം. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ സന്ദേശവും ചാക്കുകളിൽ ഉണ്ടാവും. ഭൂമിയെ സംരക്ഷിക്കുന്നതിനായി രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നായിരിക്കും ഹിന്ദിയിലുള്ള ഈ സന്ദേശം. കൂടാതെ പുതിയ ഡിസൈനോടുകൂടിയ ചാക്കുകൾ ഉടൻ തന്നെ വിപണിയിൽ എത്തിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം വിവിധ വളം നിർമാണ കമ്പനികളുടെ സി.എം.ഡിമാർക്ക് കത്തയച്ചിരുന്നു.
അതേസമയം വളങ്ങൾക്കെല്ലാം `ഭാരത്’ എന്ന ഒറ്റ ബ്രാൻഡ് നാമം നൽകുന്ന ‘വൺ നേഷൻ, വൺ ഫെർട്ടിലൈസേഴ്സ്’ പദ്ധതി നടപ്പിലാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി ഭാരതീയ ജൻഉർവരക് പരിയോജന’ (പി.എം.ബി.ജെ.പി) എന്ന പേരിലുള്ള സബ്സിഡി പദ്ധതിയുടെ ലോഗോയ്ക്ക് കീഴിലായിരിക്കും എല്ലാ വളങ്ങളും ഇനി രാജ്യത്ത് പുറത്തിറങ്ങുക. കൂടാതെ വളങ്ങളുടെ ചാക്കിൽ ഉപയോഗിക്കാനുള്ള മന്ത്രാലയം അംഗീകരിച്ച അന്തിമ ഡിസൈനും കത്തിനൊപ്പം കമ്പനികൾക്ക് നൽകിയിട്ടുണ്ട്.