വൈദ്യുതി ബില്ലിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രാത്രിസമയത്ത് പകലിനെക്കാളും 20 ശതമാനം വരെ കൂടിയ നിരക്ക് ഏർപ്പെടുത്തുന്ന ‘ടൈം ഓഫ് ഡേ’ സംവിധാനത്തിലേക്ക് മാറുന്ന പുതിയ വൈദ്യുതി തീരുവ നിയമം നടപ്പാക്കാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതോടെ രാത്രിസമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഇരട്ടിതുക നൽകേണ്ടതായി വരും.
പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. പഴയ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ച ശേഷമായിരിക്കും പുതിയ നിരക്ക് ഏർപ്പെടുത്തുക. ടൈം ഓഫ് ഡേ(ടി.ഒ.ഡി) അവതരണം, സ്മാർട്ട് മീറ്റർ സംവിധാനം എന്നിങ്ങനെ രണ്ട് പ്രധാന പരിഷ്ക്കാരങ്ങളാണ് കേന്ദ്രം നടപ്പാക്കാനിരിക്കുന്നത്. രാത്രിയും പകലും വ്യത്യസ്തനിരക്ക് ഏർപ്പെടുത്തുന്നതാണ് പുതിയ സംവിധാനം. ദിവസം മുഴുവൻ ഒരേ നിരക്ക് ചുമത്തുന്നതിന് പകരം സോളാർ അവേഴ്സ്, പീക്ക് അവേഴ്സ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളാക്കിയായിരിക്കും പുതിയ നിരക്ക്. സൂര്യപ്രകാശമുള്ള പകൽസമയത്തെ എട്ടുമണിക്കൂറാണ് സോളാർ അവേഴ്സായി നിശ്ചയിച്ചിരിക്കുന്നത്. രാത്രിയാണ് പീക്ക് അവറായി കണക്കാക്കുന്നത്.
ഓരോ സംസ്ഥാനത്തെയും വൈദ്യുതി ബോർഡാണ് ടി.ഒ.ഡി സമയക്രമം നിശ്ചയിക്കുക. പകൽസമയത്തെ വൈദ്യുതി ഉപഭോഗത്തിന് സാധാരണ വൈദ്യുതി നിരക്കിലും 10 മുതൽ 20 ശതമാനം വരെ കുറവുണ്ടാകും. ഉയർന്ന തോതിലുള്ള വൈദ്യുതി ഉപഭോഗമുള്ള രാത്രിസമയത്ത് ഇത് നിശ്ചിതനിരക്കിലും 20 ശതമാനം വരെ വർധിക്കുകയാണ് ചെയ്യുക. ഇതോടെ രാത്രിയിൽ എ.സി, എയർ കൂളർ ഉൾപ്പെടെ ഉപയോഗിക്കുന്നവർക്ക് നിയമം തിരിച്ചടിയാകും.