ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ സർക്കാരിന് അന്ത്യശാസനം നൽകി ഖാപ്. ബ്രിജ് ഭൂഷണെ ജൂൺ 9നുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ വരുംദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഹരിയാനയിൽ ചേർന്ന ഖാപ് യോഗത്തിലാണ് തീരുമാനമെടുത്തത്.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനായി ഒരാഴ്ചകൂടി അനുവദിച്ചിരിക്കുകയാണെന്ന് രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ തുടർസമരം ഖാപ് പഞ്ചായത്ത് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിജ് ഭൂഷൺ അയോധ്യയിൽ നടത്താനിരുന്ന റാലി മാറ്റിവെച്ചതിന് പിന്നാലെയാണ് അറസ്റ്റിന് ഖാപ് സമയം നീട്ടിനൽകിയത്.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഖാപ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ഗുസ്തി താരങ്ങളെ ജന്തർ മന്ദറിലെ സമരഭൂമിയിൽ എത്തിച്ച് സമരം ഏറ്റെടുക്കുമെന്നും മുന്നറിയിപ്പ് നല്കി. കൂടാതെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ മഹാപഞ്ചായത്ത് നടത്താനും രാജ്യവ്യാപകമായി സമരം നടത്താനും ഖാപ് തീരുമാനിച്ചു.