32 വർഷത്തെ ജയിൽ വാസം കഴിഞ്ഞ് മോചിതനായ പേരറിവാളൻ പുറത്തിറങ്ങാൻ കാരണം അമ്മ അർപുതം അമ്മാളാണെന്ന് പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മൂന്ന് പതിറ്റാണ്ട് നിമയപോരാട്ടം നടത്തിയ അർപുതം അമ്മാളിനെ സ്റ്റാലിൻ അഭിനന്ദിച്ചു. ‘പേരറിവാളന് ആശംസകൾ. സംസ്ഥാനത്തിന്റെ ഭരണത്തിൽ ഗവർണർക്ക് ഇടപെടാൻ അവകാശമില്ലെന്ന് തെളിഞ്ഞതായും’ സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പടെ മകന്റെ മോചനത്തിന് സഹായിച്ച എല്ലാവർക്കും നന്ദി പറയുകയാണെന്നാണ് പേരറിവാളന്റെ അമ്മ അർപുതം അമ്മാൾ പ്രതികരിച്ചത്.
പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ സുപ്രിംകോടതി വിമർശിച്ചിരുന്നു. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രിംകോടതിയുടെ വിമർശനം.
ഭരണഘടനയുടെ അനുഛേദം 142 ഉപയോഗിച്ചാണ് ഉത്തരവ് വന്നിരിക്കുന്നത്. മോചനം തീരുമാനിക്കാൻ അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന കേന്ദ്രസർക്കാർ വാദം തളളിയാണ് ഉത്തരവ്. മോചനത്തിനുളള ശുപാർശ അകാരണമായി വൈകിപ്പിക്കാൻ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. വിചാരണക്കോടതിയിൽ നിന്ന് സുപ്രിംകോടതി വരെ നീണ്ട പേരറിവാളന്റെ അമ്മയുടെ നിയമപോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ വിധി.