പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ മരുമകൻ ഹാഫിസ് കുദ്രോളി അറസ്റ്റിൽ. ഗോവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻകം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ പാഡ് തയ്യാറാക്കി ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്ന് പലപ്പോഴായി കോടികൾ തട്ടിയെന്നാണ് കേസ്. ലാഹിർ ഹസന്റെ മകൾ ഹാജിറ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ലാഹിർ ഹസന്റെ എൻആർഐ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് ഭാര്യാ പിതാവിൽ നിന്നും പണം തട്ടിയെടുത്തത്. ഉന്നത ഇൻകം ടാക്സ് ഓഫീസറുടെ പേരിൽ വ്യാജ സീലും ഒപ്പുമിട്ട് വാട്സ് ആപ്പ് വഴി നൽകിയ ലെറ്റർ ഹെഡ് ഉൾപ്പെടെയുള്ള രേഖകൾ ഗോവ പൊലീസിന്റെ കൈവശമുണ്ട്. ഗോവയിലെ ഹാഫിസിന്റെ വിലാസത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.
കേസിൽ ഹാഫിസിന് പുറമെ സുഹൃത്തായ എറണാകുളം സ്വദേശി അക്ഷയ്യും പ്രതിയാണ്. അക്ഷയ് ആണ് വ്യാജ രേഖകൾ പലതും ഹാഫിസിന് നിർമ്മിച്ച് കൊടുത്തത്. ഗോവ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നാരായൻ ചിമുൽക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗോവയിലേക്ക് കൊണ്ടുപോയ ഹാഫിസിനെ കോടതിയിൽ ഹാജരാക്കും.