കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയില്ലെന്നും പാർട്ടിക്കുവേണ്ടി താൻ പലതവണ സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ടെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതിനുള്ള യോഗം ചേരുന്നതിന് അല്പസമയം മുമ്പായിരുന്നു ശിവകുമാറിന്റെ ഈ പ്രതികരണം.
തങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണ് ചിലർ പറഞ്ഞുപരത്തുന്നത്. എന്നാൽ, അത്തരത്തിൽ ഒരു അഭിപ്രായവ്യത്യാസവും ഞങ്ങൾക്കിടയിൽ ഇല്ല. പലപ്പോഴായി താൻ പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിക്കാൻ തയ്യാറായിട്ടുണ്ട്. അവശ്യമെങ്കിൽ സിദ്ധരാമയ്യയ്ക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും ശിവകുമാർ പറഞ്ഞു.
കർണാടക തിരഞ്ഞെടുപ്പിൽ ഭരണം ഉറപ്പാക്കിയ കോൺഗ്രസിൽ ഇനി മുഖ്യമന്ത്രിയാരെന്ന ചർച്ചകളിൽ പല പേരുകൾ ഉയരുന്നുണ്ടെങ്കിലും ശിവകുമാർ, സിദ്ധരാമയ്യ എന്നിവരിൽ ഒരാളാകാനാണ് സാധ്യത. ഖാർഗെയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരാമർശിച്ചെങ്കിലും അദ്ദേഹവും പാർട്ടിയും അത് പലതവണ തള്ളിക്കളഞ്ഞതാണ്.