ഗുജറാത്ത് കലാപത്തിനിടെ നടന്ന ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിച്ചതിനെതിരായ ഹർജികളിൽ ഗുുജറാത്ത് സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പ്രതികളെ വിട്ടയച്ചതിൽ കാര്യമായ ചർച്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ജയിലിൽ നിന്ന് പുറത്തെത്തിച്ചതിൽ ചട്ടലംഘനം ഉണ്ടായെന്ന് പറയുന്നില്ലെന്നും ക്രൂരകൃത്യം ചെയതവരെയാണ് വിട്ടയച്ചത് എന്ന കാര്യം പരിശോധിക്കണമെന്നും കപിൽ സിബൽ വാദിച്ചു. ജയിൽ മോചിതരായ 11 പ്രതികളെയും കേസിൽ കക്ഷി ചേർക്കാനാണ് കോടതി നിർദ്ദേശം.
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ കഴിഞ്ഞയാഴ്ച ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത് കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിരുന്നത്. 2008ൽ മുംബൈയിലെ സിബിഐ കോടതിയാണ് 11 പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചതോടെ വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നനൽകുകയായിരുന്നു. അതേതുടർന്നാണ് ഇവരെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചത്.