വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ രണ്ട് പങ്കാളികളില്‍ ഒരാൾ മോശമാണെന്ന് കോടതിയില്‍ തെളിയിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. പങ്കാളികള്‍ രണ്ടുപേരും വ്യക്തിപരമായി നല്ലവരായിരിക്കാമെങ്കിലും ചിലപ്പോൾ ബന്ധത്തില്‍ തീരെ പൊരുത്തപ്പെടാനാകാത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് സുപ്രീം കോടതി നിരീക്ഷണം.
ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് സുപ്രധാന നിരീക്ഷണം. പുനഃസ്ഥാപിക്കാനാവാത്ത ബന്ധങ്ങൾ തകര്‍ന്നാൽ വിവാഹമോചനം അനുവദിക്കാനുള്ള സുപ്രീം കോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതി പരാമര്‍ശം. ജസ്റ്റിസ് സഞ്ജയ് കിഷന് കൗളിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരും ബെഞ്ചിലുണ്ട്.
വിവാഹമോചനം തേടുമ്പോള്‍ കക്ഷികള്‍ മറുവശത്ത് നില്ക്കുന്ന ആള്‍ക്കെതിരെ ഉന്നയിക്കുന്ന പല വാദങ്ങളും സമൂഹം കൽപ്പിച്ചിരിക്കുന്ന ചില നിയമങ്ങളിൽ നിന്നും പ്രതീക്ഷകളില്‍ നിന്നുമുണ്ടാകുന്നതാണ്. ഇത് തെറ്റായ രീതിയാണെന്ന് കോടതി വിലയിരുത്തുന്നു. രണ്ട് നല്ല വ്യക്തികള്‍ക്ക് ഒരുപക്ഷേ രണ്ട് നല്ല പങ്കാളികളായിരിക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും.