ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖുവിനായി വാങ്ങിയ സമൂസ കാണാതായതില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിക്കായി ഓർഡർ ചെയ്ത് എത്തിച്ച മൂന്ന് സമൂസ ബോക്സുകളാണ് കാണാതായത്. സർക്കാറിനെതിരായ ഗൂഡാലോചന എന്ന നിലയിലാണ് സമൂസ വിഷയത്തിൽ സിഐഡി അന്വേഷണം.
കഴിഞ്ഞ ഒക്ര്ടോബർ 21നാണ് കേസിന് ആസ്പദമായ സംഭവം. ഹിമാചല്‍പ്രദേശ് പൊലീസ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിൻ്റെ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കായി മൂന്ന് ബോക്സ് സമൂസകളാണ് ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത്. ഈ സമൂസകളാണ് കാണാതായത്.
മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് സമൂസ വിതരണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എന്നാൽ ബോക്സുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ ഐജിയുടെ മുറിയിൽ ഇരുന്ന ആളുകൾക്ക് വിതരണം ചെയ്തെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്കി.
അതേസമയം അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും അന്വേഷണ ഏജൻസി സ്വയം അന്വേഷണം നടത്തുകയായിരുന്നെന്നും കോൺഗ്രസ് പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്നും സംസ്ഥാനത്തിൻ്റെ വികസനത്തില്‍ താത്പര്യമില്ലെന്നുമാണ് പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പിയുടെ പരിഹാസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം പിടിച്ച ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് ഹിമാചൽ പ്രദേശ്.