ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിം കോടതിയുടെ സുപ്രധാന വിധി. ലൈംഗികത്തൊഴിലാളികളെ പൊലീസ് റെയ്ഡിലോ അല്ലാതെയോ പിടിച്ചാൽ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും ക്രിമിനൽ കുറ്റമായിരിക്കുമെന്ന് സുപ്രിം കോടതി. ലൈംഗികത്തൊഴിലാളികൾക്കും അവരുടെ മക്കൾക്കും എല്ലാവരെയും പോലെ മാനുഷിക പരിഗണനയും അടിസ്ഥാന സംരക്ഷണവും ഉറപ്പാക്കണമെന്നും വിധിയിൽ പറയുന്നുണ്ട്.
‘പൊലീസിന്റെ പെരുമാറ്റം മാന്യമായിരിക്കണം. വാക്കാൽ പോലും അധിക്ഷേപം പാടില്ല. ഇവരുടെ കുട്ടികളോടും അങ്ങനെ തന്നെ ആയിരിക്കണം. ലൈംഗികത്തൊഴിലാളികളെ റെയ്ഡിൽ പിടിച്ച വാർത്തകളിൽ ഫോട്ടോയോ മറ്റ് തിരിച്ചറിയൽ രേഖകളോ ഉണ്ടാകരുത്. വിഷയത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗരേഖ പുറപ്പെടുവിക്കണം.’ സുപ്രിം കോടതിയുടെ നിർദേശങ്ങൾ ഇവയാണ്.
നിയമ പരിരരക്ഷ എല്ലാ ലൈംഗികത്തൊഴിലാളികൾക്കും നൽകണം. പ്രായവും അനുവാദവും കേസ് എടുക്കുമ്പോൾ കണക്കിലെടുക്കണം. 18 വയസിനു താഴെയുള്ള വ്യക്തിയാണ് ലൈംഗിക തൊഴിലാളിയെങ്കിൽ, തൊഴിൽ ചെയ്യുന്നത് മനസോടെയാണോ എന്ന് ഉറപ്പായാൽ അതിൽ പോലീസ് ഇടപെടാനോ കേസെടുക്കാനോ പാടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധിച്ചിരിക്കുന്നു.
കൂടാതെ, ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സുപ്രിം കോടതി നിർദേശവും നൽകി. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനിലെ ഗസറ്റഡ് ഓഫിസറുടെയോ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടറുടെയോ സാക്ഷ്യപത്രത്തോടെ വേണം ഇത് അനുവദിക്കേണ്ടത് എന്നും ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.