ഗോരക്ഷകർക്കും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി കർണാടക പൊലീസ്. സിദ്ധരാമയ്യ സർക്കാരിൽ ഗ്രാമീണവികസന മന്ത്രിയായ പ്രിയങ്ക് ഖാർഗെയാണ് കഴിഞ്ഞ ദിവസം കലബുർഗി ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കർശന നിർദേശം നൽകിയത്. ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ ഗോരക്ഷാ പ്രവർത്തനം എന്ന പേരിൽ ആര് നിയമം കൈയിലെടുത്താലും അവരെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസിന് നൽകിയ നിർദേശം.
”ബലിപെരുന്നാളിന് ഗോരക്ഷാ സംഘങ്ങൾ വിവിധ സംഘടനകളുടെ പേരിൽ എത്തി നിയമം കൈയിലെടുക്കാൻ ശ്രമിച്ചാൽ അവരെ ജയിലിലിടണം. അവർക്ക് കർഷകരുടെ ബുദ്ധിമുട്ട് അറിയില്ല. നിയമം വളരെ വ്യക്തമാണെന്നും നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും കന്നുകാലികളെ കൊണ്ടുപോകുന്നതിന് ഒരേ നിയമമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രേഖകളും അനുമതിയുമെല്ലാമുണ്ടെങ്കിൽ കർഷകരെ പീഡിപ്പിക്കാൻ നിൽക്കരുത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ പുതിയ പീഡനം തുടങ്ങിയതെന്നും ഗോരക്ഷകരെ പണിയേൽപ്പിച്ച് പൊലീസുകാർ സ്റ്റേഷനിൽ ഇരിക്കരുതെന്നും” ഖാർഗെ പറഞ്ഞു.
കഴിഞ്ഞ തവണ ഇക്കൂട്ടർ കർഷകരുടെ വീടുകളിൽ ചെന്നാണ് മൃഗങ്ങളെ പിടിച്ചുകൊണ്ടുപോയത്. നിയമം അനുസരിച്ച് പ്രവർത്തിക്കണം. ആര് നിയമം കൈയിലെടുത്താലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ആരെങ്കിലും അനധികൃതമായി മൃഗങ്ങളെ കടത്തിയാൽ അവരെ പിടിച്ച് അകത്തിടണം. അതിൽ വിട്ടുവീഴ്ച നൽകരുതെന്നും അദ്ദേഹം നിർദേശിച്ചു.
അതേസമയം പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ സംഘ്പരിവാർ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയാണ് പ്രിയങ്ക്. ഇക്കാര്യം കൂടി ചേർത്താണ് കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ നയത്തിന്റെ ഭാഗമാണ് പ്രിയങ്കിന്റെ നിർദേശമെന്ന് സംഘ്പരിവാർ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നത്.