രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 32 വർഷങ്ങൾക്ക് ശേഷം മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു സുപ്രധാനമായ വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ സുപ്രിംകോടതി വിമർശിച്ചിരുന്നു. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രിംകോടതിയുടെ വിമർശനം.
ഭരണഘടനയുടെ അനുഛേദം 142 ഉപയോഗിച്ചാണ് ഉത്തരവ് വന്നിരിക്കുന്നത്. മോചനം തീരുമാനിക്കാൻ അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന കേന്ദ്രസർക്കാർ വാദം തളളിയാണ് ഉത്തരവ്. മോചനത്തിനുളള ശുപാർശ അകാരണമായി വൈകിപ്പിക്കാൻ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. വിചാരണക്കോടതിയിൽ നിന്ന് സുപ്രിംകോടതി വരെ നീണ്ട പേരറിവാളന്റെ അമ്മയുടെ നിയമപോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ വിധി.
പേരറിവാളന് മാപ്പ് നൽകി വിട്ടയയ്ക്കാൻ 2018ൽ തമിഴ്നാട് സർക്കാർ ഗവർണർക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിന്മേൽ തീരുമാനമെടുത്തില്ല. അതേ തുടർന്ന് പേരറിവാളൻ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ശുപാർശയിൽ ഗവർണർ തീരുമാനമെടുക്കാത്തതിൽ സുപ്രിംകോടതി കടുത്ത അതൃപ്തി അറിയിക്കുകയും പേരറിവാളന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഗവർണർ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് എൽ.നാഗേഷ്വർ റാവു അധ്യക്ഷനായ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ടത്.
രാജീവ് ഗാന്ധി വധക്കേസിൽ 32 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ 1991ലാണ് അറസ്റ്റിലായത്. 1991 ജൂൺ 11ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരാണ് പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. അന്ന് പേരറിവാളന് 20 വയസ് തികഞ്ഞിട്ടില്ല. പേരറിവാളൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയ സമയത്താണ് സംഭവം.
അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളൻ ചെയ്ത കുറ്റം.