മണിപ്പൂർ വിഷയത്തിൽ പ്രതിഷേധ സൂചകമായി കറുപ്പ് വസ്ത്രം ധരിച്ച് പാർലമെന്റിലെത്തി പ്രതിപക്ഷ എംപിമാർ. സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ അടയാളമായി പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ എംപിമാരാണ് കറുത്ത വസ്ത്രം ധരിച്ച് പാർലമെന്റിലെത്തിയത്. തുടർന്ന് പ്രതിപക്ഷം ഇന്നും പാർലമെന്റിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ലോക്സഭാ നടപടികൾ രണ്ടുമണിവരെ നിർത്തിവെക്കേണ്ടിവന്നു.
ഇതിനിടെ രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പ്രസംഗത്തിനിടെ ചില നാടകീയ സംഭവങ്ങൾക്കും പാർലമെന്റ് വേദിയായി. പ്രതിപക്ഷ നേതാക്കൾ ‘മണിപ്പൂർ, ഇന്ത്യ’ എന്ന് മുദ്രാവാക്യം മുഴക്കിയപ്പോൾ ഇതിന് മറുപടിയായി എൻഡിഎ സഖ്യത്തിലെ എംപിമാർ ‘മോദി’ എന്നും മുദ്രാവാക്യം വിളിച്ചിരുന്നു. രാവിലെ പാർലമെന്റ് ചേരുന്നതിന് മുമ്പ് പ്രതിപക്ഷം യോഗം ചേരുകയും പ്രതിപക്ഷ നേതാക്കളുടെ കറുത്ത വസ്ത്രം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.