അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസയച്ച് വാർത്താവിതരണ മന്ത്രാലയം. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേഷ്റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് നൽകിയത്. രാജ്യത്ത് 57 ഒ.ടി.ടി പ്ലാറ്റ്ഫോമുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും നിയമലംഘനം നടന്ന പ്ലാറ്റ്ഫോമുകൾ രജിസ്റ്റർ ചെയ്യാത്തവയാണെന്നും അധികൃതർ വ്യക്തമാക്കി.
ഒ.ടി.ടി മേഖലയിൽ വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങൾ പുറത്തിറങ്ങുന്നുണ്ടെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയേത്തുടർന്നാണ് നടപടി. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്. ഏഴ് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ചുമത്താൻ സാധിക്കുന്ന വകുപ്പുകളാണിത്.
രാജ്യത്തെ വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം സംബന്ധിച്ച് സുരക്ഷാസംഘം നിരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.