മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ് ബിജെപി. ഇതുമായി ബന്ധപ്പെട്ട് ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ ദേവേന്ദ്ര ഫഡ്നാവിസുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുംബൈയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവർണർ ഭഗത് സിങ് കോഷിയാരിയെയും കാണുമെന്നാണ് റിപ്പോർട്ട്. സർക്കാർ രൂപീകരണ നീക്കത്തിന്റെ ഭാഗമായി ബിജെപി നേതൃയോഗവും മുംബൈയിൽ ചേർന്നു. വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ ബിജെപിയുമായി നടത്തിയിട്ടില്ലെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുംബൈയിൽ എത്തിയാൽ മതിയെന്നാണ് ഇന്നലെ ഗോവയിലെത്തിയ വിമതരോട് ബിജെപിയുടെ മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നിർദേശിച്ചത്.
നാളെത്തന്നെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും.
സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ഫട്‌നാവിസ് ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടോ മൂന്നോ ദിവസം എടുക്കുമെന്നും ഫട്‌നാവിസ് വ്യക്തമാക്കി. ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. 12 സ്വതന്ത്രരുടെയും 39 ശിവസേന വിമതരുടെയും പിന്തുണ കൂടി നേടി അധികാരത്തിലെത്താനാണ് നീക്കം. കോൺഗ്രസിന് 44, എൻസിപിക്ക് 53 അംഗങ്ങളുമാണ് ഉളളത്. ഉദ്ധവിനെ അനുകൂലിക്കുന്ന 16 ശിവസേന എംഎൽഎമാരുമുണ്ട്.
വിശ്വാസവോട്ടെടുപ്പ് നേരിടാതെ ഉദ്ധവ് താക്കറെ രാജിവച്ചതിനോട് കോൺഗ്രസിന് വിയോജിപ്പുള്ളതായാണ് സൂചന. ഉദ്ധവ് വിശ്വാസ വോട്ടെടുപ്പ് നേരിടണമായിരുന്നുവെന്ന അഭിപ്രായം കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.