ശ്രീബുദ്ധന്റെ പിറന്നാളാഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി ലുംബിനിയിലെത്തുന്നത്. അദ്ദേഹത്തെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ ലുംബിനിയിൽ സ്വീകരിക്കും.
രണ്ടാം മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്. കേന്ദ്രസർക്കാർ 100 കോടി ചെലവിൽ നിർമിക്കുന്ന ബുദ്ധാശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും.
ഇന്ത്യ നേപ്പാളിന് സഹായം ചെയ്യുന്നത് സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും പ്രധാനമന്ത്രി സന്ദർശിക്കും.