ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) ഈ മാസം അവസാനം ഗതാഗതത്തിനായി തുറന്നുകൊടുക്കും. മുംബൈ നഗരത്തെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് ഇത്. പാലത്തിന്റെ നിർമ്മാണപ്രവൃത്തികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന പാലം ഗതാഗതയോഗ്യമാക്കുന്നതോടെ മുംബൈ നഗരത്തിൽ നിന്ന് നവി മുംബൈയിലെത്താനുള്ള സമയം 20 മിനിറ്റായി ചുരുങ്ങും. 21.8 കിലോ മീറ്റർ നീളം വരുന്ന പാലത്തിന്റെ 16.5 കിലോ മീറ്ററും കടലിനു മുകളിലൂടെയാണ്. മധ്യ മുംബൈയിലെ സെവ്രിയിൽനിന്ന് തുടങ്ങുന്ന പാലം നവിമുംബൈയിലെ ചിർലെയിലാണ് അവസാനിക്കുന്നത്. മുംബൈയിൽ നിന്ന് പുണെ, നാഗ്പൂർ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇതോടെ സുഗമമാകും.
ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെ 18,000 കോടി രൂപയോളം ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. മുംബൈ മെട്രോപൊളിറ്റൻ റീജ്യൺ ഡെവലപ്മെന്റ് അതോറിറ്റിക്കാണ് എംടിഎച്ച്എല്ലിന്റെ നിർമ്മാണച്ചുമതല. പാലത്തിന്റെ വാട്ടർ പ്രൂഫിങ്, ടാറിങ്, ക്രാഷ് ബാരിയർ, സി.സി.ടി.വി, വഴിവിളക്കുകൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്.