രാജ്യം ഭാവിയിൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ അടിമത്ത മനോഭാവത്തിൽ നിന്ന് ഇന്ത്യ
സമ്പൂർണമായും സ്വാതന്ത്ര്യം കൈവരിക്കണമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. അടുത്ത 25 വർഷം അതിപ്രധാനമായതിനാൽ ഈ കാലയളവിലേക്കുള്ള അഞ്ചിനപരിപാടിയും പ്രധാനമന്ത്രി സ്വാതന്ത്യദിന സന്ദേശത്തിൽ മുന്നോട്ടുവച്ചു. സമ്പൂർണ വികസിത ഭാരതം, അടിമത്ത മനോഭാവത്തിൽ നിന്നുള്ള പരിപൂർണ മോചനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും അഖണ്ഡതയും, പൗരധർമം പാലിക്കൽ എന്നിവയാണ് അവ. ഭാഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദേശീയമായത് നല്ലതെന്നും തദ്ദേശീയമായത് മോശമെന്നുമുള്ള ചിന്ത ഇല്ലാതാകണം. ഓരോ ഇന്ത്യൻ പൗരനും മാതൃഭാഷയിൽ അഭിമാനിക്കണം. വിദേശ സംസ്കാരത്തെ അനുകരിക്കാതെ ഇന്ത്യ എങ്ങനെയോ അതാവണം. സ്വന്തം മണ്ണിനോട് ചേർന്നുനിന്നാലേ ആകാശത്തേക്ക് ഉയരാൻ കഴിയൂ എന്നും മോദി ചൂണ്ടിക്കാട്ടി. വൈവിധ്യത്തിൽ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. എല്ലായ്പോഴും ആദ്യപരിഗണന രാജ്യത്തിന് എന്ന മനോഭാവം ഉണ്ടായാൽ ഐക്യം ശക്തിപ്പെടും.
സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ പറഞ്ഞപ്പോൾ നെഹ്റുവിന്റെ പേര് പറയാതെ പകരം സവർക്കരുടെ പേര് ചേർത്ത് പ്രസംഗിച്ചാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. കർണ്ണാടക സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്നും നെഹ്റുവിനെ ഒഴിവാക്കി പകരം സവർക്കരുടെ പേര് ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ” ബാപ്പു, സുഭാഷ് ചന്ദ്ര ബോസ്, അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരാണ്. എല്ലാ ഇന്ത്യക്കാരും അവരോട് എന്നും കടപ്പെട്ടവരായിരിക്കണമെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്തിനായി ജീവന് നല്കിയ സൈനികര്‍ക്ക് ആദരമെന്നും എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നതായും രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണമെന്ന് കേരളത്തിൽ സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.