ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസിയുടെ കാൽ കഴുകി മാപ്പ് ചോദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ആദിവാസിയായ ദഷ്മത് റാവത്തിന്റെ മുഖത്തേക്ക് ബിജെപി നേതാവ് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. സംഭവം വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെയാണ് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നത്.
ദഷ്മത് റാവത്തിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിങ് ചൗഹാൻ കാൽ കഴുകിയത്. വിസമ്മതിച്ച റാവത്തിനെ മുഖ്യമന്ത്രി നിർബന്ധിച്ച് ചെരുപ്പ് അഴിപ്പിച്ച ശേഷം കാൽ കഴുകുകയായിരുന്നു. മുഖത്തേക്ക് മൂത്രമൊഴിക്കുന്ന വിഡിയോ കണ്ടപ്പോൾ വളരെ വേദനയുണ്ടായെന്ന് ചൗഹാൻ പറഞ്ഞു. തനിക്ക് ജനം ദൈവത്തെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ജനങ്ങളെ സേവിക്കുക എന്നാൽ ദൈവത്തെ സേവിക്കുന്നത് പോലെയാണ്. എല്ലാ മനുഷ്യരിലും ദൈവമുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. ദഷ്മതിനു േനരെയുണ്ടായ മനുഷ്യത്വരഹിതമായ അതിക്രമം വലിയ വേദനയുണ്ടാക്കി. അദ്ദേഹത്തിനെതിരെയുണ്ടായ അതിക്രമം തെറ്റാണ്’’ ചൗഹാൻ പറഞ്ഞു.
മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിക്കുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതിയായ പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാൻ ബിജെപി സർക്കാർ നാലംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് പ്രതിക്ക് ബിജെപി ബന്ധമുണ്ടെന്നും ആരോപിച്ചു.
എന്നാൽ ഇത് ബിജെപി നിഷേധിച്ചു. ചൊവ്വാഴ്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ദേശീയ സുരക്ഷാനിയമം അനുസരിച്ച് (എൻഎസ്എ)പട്ടികവിഭാഗങ്ങൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുന്ന നിയമം എന്നിവ അടക്കം നാല് വകുപ്പുകൾ ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്.
ഫോൺ റീചാർജ് ചെയ്യാനെത്തിയ ആദിവാസി യുവാവ് കടയുടെ തിണ്ണയിൽ ഇരിക്കുമ്പോഴായിരുന്നു ശുക്ല എത്തി മുഖത്ത് മൂത്രമൊഴിച്ചത്. കടയുടമ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടാതെ, പ്രവേശിന്റെ പിതാവിന്റെ വീടിന്റെ ഒരു ഭാഗം അധികൃതർ ഇടിച്ചുനിരത്തുകയും ചെയ്തു. ചട്ടം ലംഘിച്ചു നിർമിച്ചതുകൊണ്ടാണു നടപടി എന്നായിരുന്നു വിശദീകരണം.