വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയിൽ വിശദീകരണം തേടി കേരളം കേന്ദ്രത്തിന് കത്തയച്ചു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ഈ സാമ്പത്തിക വർഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്.
സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പാ പരിധി ഓരോ സാമ്പത്തിക വർഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച് നൽകുന്നതാണ്. കേരളം ഈ വർഷം 32,440 കോടി രൂപയാണ് വായ്പാ പരിധിയായി നിശ്ചയിച്ച് നൽകിയതെങ്കിലും 15,390 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പകളുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയത്.
കഴിഞ്ഞ വർഷം കേരളത്തിന് കേന്ദ്രം അനുവദിച്ചത് 23,000 കോടി രൂപയായിരുന്നു. എന്നാൽ ഈ വർഷം അതിൽ നിന്നും 8,000 കോടി രൂപ കുറച്ചാണ് വായ്പാ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. ഈ അവസ്ഥയിൽ വായ്പാ പരിധി വീണ്ടും കുറച്ചതോടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തികനില കൂടുതൽ പ്രതിസന്ധിയിലാകും.