ബിജെപി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിച്ച് കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്തശിക്ഷ ഉറപ്പാക്കുന്ന നിയമമായിരുന്നു 2022ൽ പാസാക്കിയിരുന്നത്.
നിർബന്ധിത മതപരിവർത്തനം തടയുക എന്ന പേരിലാണ് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമം പ്രബല്യത്തിൽകൊണ്ടുവന്നത്. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ താവർചന്ദ് ഗെഹോട്ട് ഒപ്പുവെക്കുകയായിരുന്നു. തുടർന്ന് കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് എന്ന പേരിലാണ് ബിൽ നിയമസഭ പാസാക്കിയത്.
ബിൽ ഒരു തവണ പാസാക്കിയെങ്കിലും ബിജെപിക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ഉപരിസഭയായ നിയമ നിർമ്മാണ കൗൺസിലിന്റെ അംഗീകാരം നേടാനായില്ല. തുടർന്ന് കൗൺസിലിനെ മറികടന്ന് നിയമം പ്രാബല്യത്തിൽ വരുത്താൻ സർക്കാർ ബിൽ ഓർഡിനൻസായിറക്കി. ഒഴിവുള്ള സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപിക്ക് ഭൂരിപക്ഷമായ ശേഷമാണ് ബിൽ കൗൺസിലിൽ പാസാക്കിയത്. തുടർന്ന് ഭേദഗതികളോടെ നിയമസഭ വീണ്ടും പാസാക്കുകയായിരുന്നു.
ബസവരാജ് ബൊമ്മ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് മതപരമായ അസഹിഷ്ണുതക്കും വിവേചനത്തിനും വഴിവെക്കുന്നതായിരുന്നു നിയമം. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റ് സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായാണ് പരിഗണിക്കപ്പെട്ടത്. മതംമാറ്റത്തിന് വേണ്ടിയുള്ള വിവാഹങ്ങൾ അസാധുവാക്കുകയും ചെയ്തിരുന്നു.