ലക്ഷദ്വീപ് കാണാൻ ലോകത്തോട് ആഹ്വാനം ചെയ്ത് ഇസ്രായേൽ. ലക്ഷദ്വീപിൽ ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി ആക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ രംഗത്ത് വന്നത്. കൂടാതെ ലക്ഷദ്വീപിന്റെ ചിത്രങ്ങളും വിഡിയോയും ഇസ്രായേൽ എംബസി പങ്കുവെച്ചിട്ടുണ്ട്. ലക്ഷദ്വീപിന്‍റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്താണ് ഔദ്യോഗിക എക്സ്‍ അക്കൗണ്ടിൽ ഇന്ത്യയിലെ ഇസ്രായേൽ എംബസി ഇത്തരത്തിൽ പോസ്റ്റിട്ടത്.
അതേസമയം ഇസ്രായേൽ സഹകരണത്തോടെ ലക്ഷദ്വീപിൽ നടപ്പാക്കുന്ന സമുദ്ര ജലശുദ്ധീകരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം സന്ദർശിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് എംബസി പങ്കുവെച്ചത്. ഈ പദ്ധതി ഉടൻ ആരംഭിക്കാൻ ഇസ്രായേൽ തയ്യാറാണെന്നും ലക്ഷദ്വീപിന്റെ അതിമനോഹരമായ സൗന്ദര്യം ഇതുവരെ കാണാത്തവർക്കായി കുറച്ച് ചിത്രങ്ങൾ നൽകുന്നു എന്നുമാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ മാലദ്വീപ് ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ടൂറിസ്സ് കേന്ദ്രമായ മാലദ്വീപിനെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനവും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിംഗ് ആണ്. അതിനിടെ, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു 5 ദിന പര്യടനത്തിനായി ചൈനയിലാണുള്ളത്.