ഷീന ബോറ കൊലപാതകക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം. ആറര വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2021ല്‍ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ദീർഘകാലമായി പ്രതി ജയിലിലാണെന്നും അതിനാൽ നിയമപരമായി ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ വൈകുമെന്നും സാക്ഷികളിൽ പലരുടെയും മൊഴി രേഖപ്പെടുത്താനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2012ൽ മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് ഇന്ദ്രാണി മുഖർജി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാട്ടുപ്രദേശത്ത് എത്തിച്ച്
കത്തിക്കുകയാണ് ചെയ്തത്. മൂന്ന് വർഷം പുറത്തുവരാതിരുന്ന കൊലപാതകം 2015ലാണ് പുറംലോകം അറിഞ്ഞത്.
2012ൽ ബാന്ദ്രയിലെ വീട്ടിൽ വച്ചാണ് ഷീനയെ കൊലപ്പെടുത്തിയത്. 2015ൽ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവർ റോയ് മറ്റൊരു കേസിൽ പിടിയിലായതിനെ തുടര്‍ന്നാണ് ഷീന ബോറ കൊല്ലപ്പെട്ട വിവരവും പുറത്തറിയുന്നത്. മകളെ കൊന്ന് തെളിവുകൾ നശിപ്പിച്ചശേഷം ഷീന വിദേശത്തു പോയതാണെന്ന് വരുത്തുകയായിരുന്നു. 2015ൽ തന്നെ ഇന്ദ്രാണിയും അറസ്റ്റിലായി. മുന്‍ ധനമന്ത്രി പി. ചിദംബരം ഉൾപ്പെട്ട INX മീഡിയ സാമ്പത്തിക തട്ടിപ്പുകേസിലെയും പ്രതിയാണ് ഇന്ദ്രാണി മുഖർജി.
കേസിൽ സ്റ്റാർ ഇന്ത്യയുടെ മുൻ മേധാവിയും ഇന്ദ്രാണിയുടെ രണ്ടാം ഭർത്താവുമായിരുന്ന പീറ്റർ മുഖർജിയും അറസ്റ്റിലായി. കേസിന്റെ വിചാരണയ്ക്കിടെ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. പീറ്റർ മുഖർജിക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം തേടി ഇന്ദ്രാണി മുഖർജി പലതവണ സിബിഐ കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നിലവിൽ ബൈക്കുള ജയിലിലാണ് ഇന്ദ്രാണി മുഖർജി.