ഉക്രൈനിൽ നിന്ന് തിരികെയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ. പശ്ചിമ ബംഗാൾ സർക്കാർ അനുവദിച്ച പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി.
ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാർഥികളുടെ തുടർപഠനം സംബന്ധിച്ച് ബംഗാൾ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തിരുന്നു. വിദ്യാർഥികൾക്ക് ബംഗാളിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നൽകാനായിരുന്നു സർക്കാർ തീരുമാനം. അതിനായി രണ്ടും മൂന്നും വർഷങ്ങളിൽ പഠിക്കുന്ന 172 വിദ്യാർഥികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. ഇതിനെതിരേയാണ് മെഡിക്കൽ കമ്മീഷൻ രംഗത്തുവന്നിരിക്കുന്നത്. നിലവിലുള്ള ചട്ടപ്രകാരം ഇത് അനുവദനീയമല്ലെന്നാണ് കമ്മീഷന്റെ നിലപാട്. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ അതേ
കോളേജിൽതന്നെ പഠനം പൂർത്തിയാക്കേണ്ടതുണ്ട്. രണ്ട് വർഷം വിദേശരാജ്യത്ത് പഠിച്ചശേഷം
ബാക്കി ഇന്ത്യയിൽ പൂർത്തിയാക്കുന്നത് കഴിയില്ല. ഇത്തരത്തിൽ പഠനം
പൂർത്തിയാക്കിയാൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നടത്തിയവർക്കുള്ള സ്ക്രീനിങ് പരീക്ഷ എഴുതാൻ യോഗ്യതയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ഉക്രൈനിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികളുടെ തുടർപഠനം മറ്റ് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറ്റാൻ കഴിയുമോ എന്നാണ് കേന്ദ്രം ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിൽ നിന്ന് 6000-ൽ അധികം വിദ്യാർഥികൾ ഉക്രൈനിൽ പഠിക്കാൻ പോയിരുന്നു.