ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം പിറന്നാൾ. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷങ്ങൾക്കാണ് ബിജെപി തയ്യാറെടുത്തിരിക്കുന്നത്.
ജന്മദിനത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കൂടുതൽ ജനക്ഷേമ പദ്ധതികളാണ് കേന്ദ്രസർക്കാർ ഇന്ന് ആരംഭിക്കുന്നത്. ക്ഷേമ ആയുഷ്മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സേവ പഖ്വാര (സേവനത്തിന്റെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും ഇന്ന് തുടക്കമാകും. ഗാന്ധിജിയുടെ ജന്മവാർഷിക ദിനമായ ഒക്ടോബർ 2 വരെ ക്യാംപയിൻ നീണ്ട് നിൽക്കും.
സേവ പഖ്വാരയുടെ ഭാഗമായി ബിജെപി പ്രവർത്തകർ രാജ്യത്തെ വിവിധ മേഖലകളിൽ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സേവാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കും. ശുചീകരണം, വൃക്ഷത്തൈ നടൽ, രക്തദാനം തുടങ്ങിയ പരിപാടികളാണ് രാജ്യമൊട്ടാകെ നടത്തപ്പെടുക. ജന്മദിനത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇന്ന് വിശ്വകർമ ജയന്തി ദിനത്തിൽ കരകൗശല വിദഗ്ധരെയും പരമ്പരാഗത വൈദഗ്ധ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവരെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പിഎം വിശ്വകർമ കൗശൽ യോജനക്ക് മോദി തുടക്കം കുറിക്കും.