ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പ്രശസ്ത ബ്രാൻഡായ അഡിഡാസ് അവതരിപ്പിച്ചു. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള പുതിയ ജേഴ്സിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ആഗോള സ്‌പോർട്‌സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസറായി മാറിയതിന് പിന്നാലെയാണിത്. പുതിയ ജേഴ്സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
സോഷ്യൽ മീഡിയ വീഡിയോയിലൂടെ അഡിഡാസ് തന്നെയാണ് ജേഴ്സിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ഇത് ഒരു ഐതിഹാസിക നിമിഷമാണ്. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്സി ഇതാ അവതരിപ്പിക്കുന്നു എന്നാണ് അഡിഡാസ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. അനിമേറ്റഡ് ഡ്രോണുകൾ വഴി മൂന്ന് ജേഴ്സികൾ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഉയരുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. പുതിയ ജേഴ്സിക്ക് ആരാധകരുടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത് .
അതേസമയം ടി20 യിൽ കോളറില്ലാത്ത ജഴ്‌സിയണിഞ്ഞായിരിക്കും ടീം ഇന്ത്യ കളത്തിലിറങ്ങുക. കൂടാതെ ഏകദിന കിറ്റിന് കടും നീല നിറവും ടെസ്റ്റ് കിറ്റിന് പരമ്പരാഗത വെള്ള നിറവുമാണ് അഡിഡാസ് നൽകിയിരിക്കുന്നത്. ഇതിൽ ടെസ്റ്റ് ജേഴ്സിയാണ് ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ടെസ്റ്റ് ജേഴ്സിയിൽ തോളിൽ രണ്ട് നീല വരകളുണ്ട്. നെഞ്ചിൽ ഇന്ത്യ എന്ന് എഴുതിയിട്ടുമുണ്ട്. അതിന്റെ ഒരു വശത്ത് അഡിഡാസ് ലോഗോയും മറുവശത്ത് ബിസിസിഐ ലോഗോയും ആലേഖനം ചെയ്തിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ടീം ഇന്ത്യയെ പുതിയ ജേഴ്സിയിൽ കാണാൻ കഴിയുമെന്ന ആകാംഷയിലാണ് ആരാധകർ.